Welcome to Malayalam Department Page
കോളേജിന്റെ പ്രവർത്തനാരംഭം മുതൽ(1967) നിലവിലുള്ള മലയാളവിഭാഗം 2014 ലാണ് ബി.എ. മലയാളം ഐച്ഛികമായി പഠിപ്പിക്കാൻ തുടങ്ങിയത്. കോളേജിന് അവസാനമായി ലഭിച്ച ബിരുദകോഴ്സാണിത്. നിലവിൽ അഞ്ച് അധ്യാപകർ ഉൾപ്പെടുന്ന മലയാളവിഭാഗത്തിൽ നൂറോളം കുട്ടികൾ ബിരുദപഠനം നിർവ്വഹിച്ചുവരുന്നു. 2017ൽ പുറത്തിറങ്ങിയ ആദ്യബാച്ചിൽ കോഴിക്കോട് സർവ്വകലാശാലാ തലത്തിലെ ആറാം റാങ്ക് ഉൾപ്പെട്ടിരുന്നു. സംസ്കൃതവും കേരളപഠനവും കോംപ്ലിമെന്ററി കോഴ്സായുള്ള മലയാള വിഭാഗത്തിന്റെ ഓപ്പൺ കോഴ്സ് വിഷയം ‘സാഹിത്യവും സർഗ്ഗാത്മക രചനയും’ എന്നതാണ്.
മലയാളവിഭാഗത്തിന്റെ സാഹിത്യ സാംസ്കാരിക കൂട്ടായ്മയായ ‘നാദം’ മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ വർഷംതോറും വായനദിനം, രാമായണമാസാരംഭം, മലയാള വർഷാരംഭം, കേരളപ്പിറവി, മാതൃഭാഷാദിനം എന്നിവ ആചരിക്കാറുണ്ട്. മലയാളത്തിലെ പ്രസിദ്ധ എഴുത്തുകാരേയും കലാകാരന്മാരേയും വിശിഷ്ടാതിഥികളായി ക്ഷണിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമായ സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കുന്നതിൽ മലയാളവിഭാഗം ജാഗ്രത പുലർത്താറുണ്ട്. ‘കൃഷിയുടെ പ്രജ്ഞാതലവും നാടോടിസംസ്കൃതിയും’ എന്ന വിഷയത്തിൽ ദ്വിദിന ദേശീയസെമിനാർ (യു.ജി.സി) സംഘടിപ്പിക്കാനും മലയാളവിഭാഗത്തിനു സാധിച്ചു.
കോളേജിലെ മുഴുവൻ വിദ്യാർത്ഥികളുടേയും ഭാഷാപരമായ സർഗ്ഗാത്മകസിദ്ധികൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി വർഷംതോറും തയ്യാറാക്കി പ്രകാശിപ്പിച്ചു വരുന്ന കൈയെഴുത്തുമാസിക മലയാളവിഭാഗത്തിന് മുതൽക്കൂട്ടായി വർത്തിക്കുന്നു.